പുനർജന്മ രഹസ്യം Q and A

പുനർജന്മ രഹസ്യം  Q and A
 


പുനർജ്ജന്മമെന്നാൽ എന്താണ്?

ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ജീവാത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.

ചോദ്യം  2:- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?

ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു.
ഇത് ഒരു യാത്രയാണ്  ഒരു ലക്ഷ്യത്തിലേക്ക്  നമ്മൾ പല വാഹനങ്ങൾ  ഉപയോഗിച്ച പോകുന്നതുപോലെ പോലെ ലക്ഷ്യത്തിൽ എത്തുന്നത് വരെ നമ്മൾ പല ശരീരങ്ങൾ ഞങ്ങൾ ഉപയോഗിക്കും

ചോദ്യം  3:- കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? 
ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?

ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു.

ചോദ്യം 4:-  പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

ഉത്തരം:- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം.
ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം.

ചോദ്യം 5 :- ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും?

ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.

ചോദ്യം  6 :- സൂക്ഷ്മ ശരീരം എന്നാൽ എന്താണ്?

ഉത്തരം  :ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ  ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.

ചോദ്യം  7:- സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്?

ഉത്തരം:- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.

ചോദ്യം  8 :- ജനനം എന്നാൽ എന്താണ്?

ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു.

ചോദ്യം  9:- മരണം എന്നാൽ എന്താണ്?

ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം 

ചോദ്യം  10 :- മൃത്യു ഉണ്ടാവാൻ കാരണമെന്താണ്? 

ഉത്തരം:- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം.
 


ചോദ്യം  11:- മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും?

ഉത്തരം:- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും.

ചോദ്യം  12:- മൃത്യു അശുഭകാരിയാണോ?

ഉത്തരം:- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്.

ചോദ്യം  13 :- മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ?

ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു.

ചോദ്യം  14:- എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ?

ഉത്തരം:- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല.
ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് .
എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
 

ചോദ്യം  15 :- മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം?

ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു
കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും.

 എങ്ങനെയാണോ ചരിത്രങ്ങളിൽ നാം കേട്ടിട്ടുള്ള ബലിദാനികൾ രാഷ്ട്രത്തിനു വേണ്ടി തന്റെ ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറായിട്ടുള്ളത് അവർക്കും യോഗദർശനങ്ങളും ഭഗവത് ഗീതയും വേദങ്ങളും തന്നെയാണ് അവരുടെ മനസ്സിനെ നിർഭയമാക്കാൻ പ്രേരണയായിട്ടുള്ളത്.

മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്.
ഇതേ കാരണം കൊണ്ട് എല്ലാ മനുഷ്യരും വേദാദി ഗ്രന്ഥങ്ങളെ സ്വാദ്ധ്യായം ചെയ്യുകയും രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവർ മൃത്യുവിനെ ഭയക്കുന്നില്ല കൂടാതെ പ്രസന്നതയോടെ മൃത്യുവിനെ ആലിംഗനം ചെയ്യാൻ സന്നദ്ധരും ആകുന്നു.

ചോദ്യം 16 :- എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്?

ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ജീവാത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ജീവാത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്.

ചോദ്യം  17:- എപ്പോഴാണ് പുനർജൻമം സംഭവിക്കാതിരിക്കുന്നത്?

ഉത്തരം :- ജീവാത്മാവ് മോക്ഷപ്രാപ്തിയിൽ ഇരിക്കുമ്പോൾ പുനർജനിക്കുന്നില്ല

ചോദ്യം 18:- മോക്ഷപ്രാപ്തിയിൽ എന്തുകൊണ്ട് പുനർജനിക്കുന്നില്ല ?

ഉത്തരം :- മോക്ഷപ്രാപ്തിയിൽ സ്ഥൂല ശരീരം പഞ്ച തത്വങ്ങളിൽ ലയിക്കുന്നു. അതോടൊപ്പം സൂക്ഷ്മ ശരീരവും ആത്മാവിൽ നിന്നും വേർപെട്ട് മൂലകാരണമായ പ്രകൃതിയിൽ ലയിക്കുന്നതു കൊണ്ട് പുനർജന്മം ഉണ്ടാകുന്നില്ല.

ചോദ്യം  19:- മോക്ഷത്തിനു ശേഷം ആത്മാവിന് ഒരിക്കലും പുനർജന്മമുണ്ടാകുന്നില്ലെ?

ഉത്തരം ഇല്ല
ചോദ്യം 20 :- പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ?

ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് .
വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും

 


ചോദ്യം  21 :- ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?
ഉത്തരം :- നമുക്ക് മൂന്ന് അവസ്ഥകൾ ഉണ്ട്
ഒന്ന് : ഞാൻ ശരീരമാണ് എന്ന ബോധം
രണ്ട് : ഞാൻ ജീവനാണ് എന്ന ബോധം
മൂന്ന് : ഞാൻ ശുദ്ധ ബോധമാണ് എന്ന ബോധം
ഇതിൽ ഞാൻ ശരീരമാണ് എന്ന് ചിന്തിക്കുന്നവർക്ക് മാത്രമേ മരണം ഉള്ളൂ
ഞാൻ ജീവാത്മാവ് ആണ് എന്ന് ചിന്തിക്കുന്നവർക്ക് അജനനമരണങ്ങളിലൂടെ 
ഉള്ള യാത്രയാണ്
എന്നാൽ ഞാൻ വിശുദ്ധ ബോധമാണ് എന്ന് ചിന്തിക്കുന്നവർക്ക് ജനനമരണങ്ങളും യാത്രയുമില്ല

ചോദ്യം  22 :- പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്?

ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു.

ചോദ്യം 23 :- കർമ്മങ്ങൾ എത്ര തരം ഉണ്ട്?
ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു. 

1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ.
2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്.
3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ.മറ്റൊരാളെ ദുഷിക്കൽ

ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു.
ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു.

ചോദ്യം  24:- ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക?

ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക.
അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു.
 

ചോദ്യം 25 :- നീച കർമ്മങ്ങൾ ചെയ്യുമ്പോഴാണോ നമ്മൾ പക്ഷിമൃഗാദികൾ ആയി ജനിക്കുന്നത് ?

ഉത്തരം:-പക്ഷിമൃഗാദികൾ മനുഷ്യനെക്കാൾ നീചമാണ് എന്ന് അഭിപ്രായമില്ല ജീവജാലങ്ങൾ ഏതായാലും അവരുടെ ജീവിത അവസ്ഥയാണ് പരിഗണിക്കുന്നത്
പക്ഷിമൃഗാദികൾക്കു ധർമ്മം മാത്രമേയുള്ളൂ മനുഷ്യവർഗ്ഗത്തിന് മാത്രമാണ് കർമ്മങ്ങൾ ഉള്ളത്

ചോദ്യം  26 :- നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ?

ഉത്തരം :-  സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല.  എന്നാൽ ചിട്ടയായ ചില പരിശീലനങ്ങൾ കൊണ്ടും ധ്യാനം കൊണ്ടും നമുക്ക് പൂർവ്വ , പുനർജന്മങ്ങൾ മനസ്സിലാക്കാൻ സാധിക്കും 

ചോദ്യം  27 :- എന്നാൽ ഇത് ആർക്ക് മനസ്സിലാക്കാൻ സാധിക്കും?

ഉത്തരം :- വളരെ ശ്രദ്ധാലുവായ ഒരാൾക്ക് കൃത്യമായ പരിശീലനത്തിലൂടെ ശാസ്ത്ര അഭ്യാസത്തിലൂടെ മനസ്സിലാക്കി എടുക്കാൻ സാധിക്കും

ചോദ്യം 28 :- നമ്മുടെ പൂർവ ജന്മങ്ങൾ അറിയുന്നതുകൊണ്ട് എന്താണ് ഗുണം, 

ഉത്തരം :-ഇന്ന് ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന പല  പ്രശ്നങ്ങളുടെയും കാരണം നമുക്ക് മനസ്സിലാകും മാത്രവുമല്ല ഞാൻ ഈ ശരീരത്തോട് കൂടി ഇല്ലാതാകുന്നു എന്ന ചിന്ത വരുമ്പോഴാണ് മനുഷ്യൻ കൂടുതൽ സ്വാർത്ഥൻ ആവുന്നത് ജീവിതയാത്രയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ ശരീരത്തിലെ വാസം എന്ന് തിരിച്ചറിയുമ്പോൾ കൂടുതൽ ദീർഘവീക്ഷണത്തോടെ പെരുമാറാൻ നമുക്ക് സാധിക്കുന്നു

ചോദ്യം  29 :- പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ?

ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്.
ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു.

ചോദ്യം 30 :- എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ?

ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി 
വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് . 

ചോദ്യം  31:- ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും?
ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്?

ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം.

ചോദ്യം  :- 32 :- എന്നാൽ വെളിവാക്കിയാലും ?

ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ജീവാത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം.

ഈ ഉദാഹരണം നോക്കുക :- 
ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ  ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു.  എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും.

ചോദ്യം  33 :- എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ?

ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം   എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല.

.
 
34: നമ്മളിൽ പൂർവജന്മ സ്മരണ ഉള
വാമ്പോൾ ഈ ജന്മെത്തെ  ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിക്കുമോ ?

ഉത്തരം: ഒരിക്കലുമില്ല ഇല്ല ഒരുപക്ഷേ ഈ ജന്മത്തെ അത് കൂടുതൽ സന്തോഷകരം ആക്കുകയാണ് ചെയ്യുന്നത്

കഴിഞ്ഞ ജന്മം പുനർജന്മം എന്നൊക്കെ ചിന്തിക്കുന്നത് കൊണ്ടാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുള്ളതാണ് എന്ന് തോന്നുന്നത്

ഇന്നലത്തെ ദിവസത്തിൻറെ ബാക്കി അല്ലെ ഇന്ന് 
അതേപോലെതന്നെ ഇന്നത്തെ നമ്മുടെ കർമങ്ങൾക്ക് അനുസരിച്ചല്ലേ നാളെ ഫലം വരുന്നത്
ഇന്നലെ -ഇന്ന് -നാളെ എന്ന നമ്മൾ തരംതിരിക്കുന്നത് ഒരു ഉറക്കം കൊണ്ടോ ഒരു രാത്രി കൊണ്ടോ ആണ്അതേപോലെ പോലെ നിങ്ങളുടെ പൂർവ്വ - ഇഹ- പുനർ ജൻമങ്ങൾക്കിടയിലെ ചെറിയ ഒരു വിടവാണ് മരണം 
35  പൂർവ്വ ജന്മ സ്മരണകൾ ഈ ജന്മത്തെ കൂടുതൽ സന്തോഷകരമാക്കാൻ സഹായിക്കുമെന്ന് പറഞ്ഞുവല്ലോ അത് എങ്ങനെയാണ് ആണ് ?

ഉത്തരം:ഈ ജന്മം നമ്മൾ അനുഭവിക്കുന്ന പല ഉൽക്കണ്ഠകളുെയും മാനസികസമ്മർദ്ദ ങ്ങളുെടെയും കാരണങ്ങൾ പൂർവ്വജന്മത്തിൽ നിന്ന് ശേഖരിച്ചത് ആവാം അതിനാൽ തന്നെ പൂർവ്വജന്മ ധ്യാനം ചെയ്യുന്നതോടുകൂടി അത് ഹീൽ  ചെയ്യപെടുന്നു

36:ഇന്ന് ജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ  പ്രശ്നങ്ങളുടെയും കാരണം ഓണം പൂർവ്വ ജന്മങ്ങളിൽ ചെയ്ത പ്രവർത്തികൾ  എന്ന് ആണോ പറഞ്ഞത് ?

ഉത്തരം.ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണം പൂർവ്വ ജന്മത്തെ പ്രവർത്തികൾ ആവണമെന്നില്ല ഈ ജന്മത്ത്
ചെയ്ത പ്രവർത്തികളും 
അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കുന്നുണ്ട്

"പൂർവ്വജന്മാർജ്ജിതം പാപം
വ്യാധിരൂപേണ ജായതേ "

പൂർവ്വ ജന്മങ്ങളിൽ ചെയ്ത പാപങ്ങളാണ് ഈ ജന്മത്തിൽ ശാരീരികവും മാനസികവുമായ രോഗങ്ങൾ ആയി മാറുന്നത് എന്ന് എന്ന ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നു

37 സൽക്കർമ്മങ്ങൾ ചെയ്താൽ അത് അനുഭവിക്കാനും ദുഷ്കർമ്മങ്ങൾ ചെയ്താൽ അത് അനുഭവിക്കാനും നമ്മൾ ജനിക്കേണ്ടത് ആയി വരില്ലേ അപ്പോൾ ജനന-മരണങ്ങൾ ഇല്ലാതാവുന്നത് എപ്പോഴാണ് ?
ഉത്തരംപ്രവർത്തി ചെയ്യുന്നതും ഞാനല്ല ഫലം അനുഭവിക്കുന്നതും ഞാനല്ല ഞാൻ സാക്ഷി മാത്രമാണ് എന്ന ഭാവം വരുമ്പോൾ ജനന മരണങ്ങൾക്ക് അതീതനാവും എന്ന് അഷ്ടാവക്ര മുനി നമുക്ക് അഷ്ടാവക്ര സംഹിതയിലൂടെ പറഞ്ഞുതരുന്നു

അതായത് കർത്തൃത്വ ബോധത്തോടെ ചെയ്യുന്ന പ്രവർത്തികൾക്ക് മാത്രമേ കർമ്മഫലം അനുഭവിക്കേണ്ടത് ഉള്ളൂ
സാക്ഷി ഭാവത്തിൽ ചെയ്യുന്ന പ്രവർത്തികൾക്ക് കർമഫലം അനുഭവിക്കേണ്ടത് ഇല്ല

38:അപ്പോൾ  സൈന്യത്തിൽ ജോലിചെയ്യുന്ന ഒരു പട്ടാളക്കാരൻ യുദ്ധസമയത്ത് ശത്രു രാജ്യത്തെ പട്ടാളക്കാരനെ വധിച്ചാൽ അദ്ദേഹത്തിന് കർമ്മഫലം ഉണ്ടാവുമോ?

ഉത്തരം:അത് വധിക്കുന്ന പട്ടാളക്കാരൻ എൻറെ ബോധത്തിന് അനുസരിച്ച് ആയിരിക്കും
"ഞാൻ കൊല്ലുന്നു " എന്ന ഭാവത്തിൽ ചെയ്താൽ കർമ്മഫലം അനുഭവിക്കേണ്ടതുണ്ട്
 എന്നാൽ  ഞാൻ എൻറെ ജോലിയാണ് ചെയ്യുന്നത് എന്ന ഭാവത്തിലാണ് വധിക്കുന്നത് എങ്കിൽ അതിൻറെ കർമ്മഫലം അനുഭവിക്കേണ്ടതില്ല .
എന്നാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ നമ്മോട് പറയുന്നത്
പക്ഷേ യുദ്ധം എന്നതും വധം എന്നതും
 കർമ്മം തന്നെയാണ് അതിനാൽ യുദ്ധത്തിൽ കർമ്മഫലം രാഷ്ട്രമാണ് അനുഭവിക്കേണ്ടത് രാഷ്ട്രം എന്ന് പറയുന്നത് ആ രാഷ്ട്രത്തിലെ ജനങ്ങൾ ആയതിനാൽ ആ കർമ്മഫലം രാഷ്ട്രത്തിെലെ മുഴുവൻ ജനങ്ങൾക്കുമായി
വീതിക്കെ പെടുന്നതാണ് കാരണം
തൻറെ രാജ്യം ശത്രുരാജ്യം  എന്നൊക്കെയുള്ള വേർതിരിവുകൾ മനുഷ്യർ ഉണ്ടാക്കിയതാണ് അതാണ് കർമ്മ നിയമം

39:എന്താണ് കർമ്മ നിയമം ?

 ഉത്തരം: ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. 

കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ?

 വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്?
 ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല.

 ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല.

 എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. 

ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? 

ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പല ആചാര്യൻമാരുമായുള്ള ചർച്ചയിൽ നിന്നും മനസിലായ കാര്യങ്ങൾ ആണ് ഇവിടെ എഴുതിയിട്ടുള്ളത്




Comments

Post a Comment